Dear Amma

പ്രിയപ്പെട്ട അമ്മയെക്കുറിച്ച് ഒരു ഓർമക്കുറുപ്പ് 

എന്റെ അമ്മ 
 
     അമ്മ ഞങ്ങളോടെല്ലാവരോടും വിടപറഞ്ഞു  പോയപ്പോൾ  വല്ലാത്ത ഒരു ഒഴിവ് തോന്നുന്നു . കുറെ ദിവസങ്ങളായി അമ്മയെ കുറിച്ച് എഴുതണം എന്ന് വിചാരിക്കുന്നുണ്ടായിരുന്നു . പക്ഷെ, എഴുതാൻ ഇരിക്കുമ്പോൾ മനസ്സിൽ ഓർമ്മകൾ വന്ന് നിറയും. അമ്മയെ ഇനി കാണാൻ കഴിയില്ലല്ലോ എന്ന് വിചാരിക്കുമ്പോൾ മനസ്സിൽ എവിടെയോ ഒരു വിങ്ങൽ. അതുകൊണ്ട് ഇതുവരെ എഴുതാൻ കഴിഞ്ഞില്ല .


എല്ലാവർക്കും കുട്ടിക്കാലത്തെ ഓർമ്മകളിൽ നിറഞ്ഞുനിൽക്കുന്ന ഒരു വ്യക്തി അമ്മയാണ്. എനിക്കും അങ്ങിനെതന്നെ . കുട്ടിക്കാലം എനിക്ക് വളരെ ആനന്ദകരമായിരുന്നു . അതിന് ഒരു പ്രധാന കാരണം എന്റെ അമ്മയാണ്. എന്റെ ഓരോ കാര്യത്തിലും ശ്രദ്ധിച്ചിരുന്ന അമ്മ. അന്നൊക്കെ ഓരോ ദിവസവും സ്കൂളിൽ നിന്നും മടങ്ങുമ്പോൾ വീട്ടിൽ അമ്മ ഏതു പലഹാരമാണ്
അമ്മ എന്റെയും ചേട്ടന്റെയും കൂടെ 

ഉണ്ടാക്കിയിട്ടുണ്ടാവ്വാ എന്നായിരുന്നു ആലോചന 😊വീടിന്റെ ഗേറ്റ് കിടക്കുമ്പോഴേക്കും അമ്മ ഉണ്ടാക്കുന്ന  കേസരുടെയോ , ദോശയുടെയോ , കിണ്ണത്തപ്പത്തിന്റെയോ, ഗന്ധം എന്നെ വരവേൽക്കും . ശ്രീലങ്ക  ബ്രോഡ്കാസ്റ്റിംഗ് കോർപറേഷന്റെ റേഡിയോ നിലയം പ്രക്ഷേപണം ചെയ്യുന്ന ഗാനങ്ങളുടെ പാശ്ചാത്തലത്തിൽ അമ്മയുണ്ടാക്കിയ നല്ല ചായയും പലഹാരവും കഴിച്  ഞാൻ കളിയ്ക്കാൻ ഓടും .

അമ്മയുടെ ഓർക്കിടുകളുടെ സമീപം 

എന്നെ കണക്കും മലയാളവും പഠിപ്പിച്ചിരുന്നത് അമ്മയാണ് . പല വീടുകളിലും കണക്ക് പഠിപ്പിക്കുന്ന രംഗം മഹാഭാരത യുദ്ധം പോലെയാണ് . പക്ഷെ,  എന്നെ കണക്ക് വളരെ ക്ഷമയോടുകൂടിയാണ്  അമ്മ  പഠിപ്പിച്ചിരുന്നത് . കണക്കിന്റെ ഓരോ ആശയങ്ങളും അമ്മ ക്ഷമയോടുകൂടി ലളിതമായി എനിക്ക് പറഞ്ഞു തന്നിരുന്നു . മലയാളത്തിൽ കവിതകളും മറ്റും അമ്മ പഠിപ്പിക്കുമ്പോൾ ആരാധനയോടു കൂടി ഞാൻ കേൾക്കാറുണ്ട് . അതുകൊണ്ടുതന്നെ ഞാൻ അമ്മയോട് ചോദിക്കും "അമ്മാ എപ്പോഴാ എന്നെ കണക്കു പഠിപ്പിക്കുക" എന്ന് .


അമ്മയുടെ കൂടെ ഭാരതപ്പുഴക്ക് സമീപം 

കുട്ടിക്കാലത്ത് എത്രയോ താരാട്ടു പാട്ട് പാടി എന്നെ ഉറക്കിയിട്ടുണ്ട് . കർണാടക സംഗീതം പഠിച്ചിട്ടുള്ളത് കൊണ്ട് അമ്മ ശ്രീ രാഗത്തിലിയും , ഹംസധ്വനി രാഗത്തിലും മറ്റും കീർത്തനങ്ങൾ മൂളാറുണ്ട്.  ലത മങ്കേഷ്കറിന്റെയും എസ് ജാനകിയുടെയും ഗാനങ്ങൾ പാടാറുണ്ട് .  സംഗീതത്തിനോടുള്ള എന്റെ ഇഷ്ടം അമ്മയുടെ പാട്ടുകൾ കേട്ടതുകൊണ്ടാവാം .


ചേട്ടന്റെയും ചേച്ചിയുടെയും കൂടെ 

ജീവതത്തിൽ ചിട്ട എത്ര പ്രധാനമാണ് . അടക്കും ചിട്ടയുമുള്ള വീട് എന്താണ് എന്നെല്ലാം ഞാൻ പഠിച്ചത് അമ്മയുടെ ജീവിതരീതി വീക്ഷിച്ചിട്ടാണ് . വീട് അലങ്കരിച് വച്ചിരിക്കുന്നത് കണ്ടാൽ അമ്മയുടെ സൗന്ദര്യബോധം അതിൽ കാണാമായിരുന്നു . എംബ്രോയിഡറികളിലൂടെ അമ്മയുടെ ഉള്ളിലുള്ള കലാകാരിയെ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു.



അച്ഛൻ അമ്മ അപർണയുടെ അച്ഛൻ - തഞ്ചാവൂരിൽ 

ഞാനും ചേട്ടനും വലുതായതിനുശേഷം അമ്മ എഴുത്തിൽ ശ്രദ്ധ കേന്ദ്രികരിച്ചു . അമ്മയുടെ ചെറുകഥകളും നോവലുകളും ഞാൻ ധാരാളം വായിച്ചിട്ടുണ്ട് . കഥാപാത്രങ്ങളുടെ അവതരണം കണ്ടാൽ  അമ്മ എത്ര സൂക്ഷ്മമായിട്ടാണ് കണ്ടുമുട്ടിയിട്ടുള്ള വ്യക്തികളെ നിരീക്ഷിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാം . എഴുത്തുശൈലി വളരെ കാവ്യാത്മകമായിരുന്നു. പലപ്പോഴും അമ്മയുടെ എഴുത്തിൽ നിറഞ്ഞുനിന്നത് പ്രകൃതിയാണ് . പ്രകൃതിയെ വർണിക്കുമ്പോൾ ചിത്രം മനസ്സിൽ തെളിഞ്ഞു വരും. അത്ര മനോഹരമായിരുന്നു അമ്മയുടെ ശൈലി . അച്ഛൻ അമ്മയെ വളരെ അധികം അഭിനന്ദിച്ചിരുന്നു. 

മികച്ച ഇതിഹാസത്തെ ആസ്പതമാക്കിയ നോവലിന് പുരസ്കാരം 
                       കേരള മന്ത്രി കൊടുക്കുന്നു 

അമ്മയുടെ എല്ലാ കാര്യത്തിലും അച്ഛൻ അമ്മയെ വളരെ അധികം പ്രോത്സാഹിപ്പിച്ചിരുന്നു . അതിൽ നിന്നും ഒരു ഭാര്യാഭർത്തൃ ബന്ധം എങ്ങിനെ ആവണം എന്ന് ഞാൻ മനസ്സിലാക്കി . 

അച്ഛന്റെ ജീവത്തിൽ ഒരു നിഴൽ പോലെ അമ്മ എപ്പോഴും  ഉണ്ടായിരുന്നു . അച്ഛൻ ജീവിച്ചിരുന്നപ്പോൾ അമ്മയുടെ ജീവതം അച്ഛന്റെ ചുറ്റും ആയിരുന്നു. അച്ഛന്റെ ആരോഗ്യം, ഭക്ഷണം, ചിട്ട ഇത്യാദി കാര്യങ്ങളിലായിരുന്നു അമ്മയുടെ ശ്രദ്ധ. അച്ഛൻ ഞങ്ങളെ വിട്ടു പോയപ്പോൾ അച്ഛന്റെ ആത്മാവിന്റെ കൂടെ അമ്മയുടെയും ഒരു വലിയ ഭാഗം യാത്രയായി കഴിഞ്ഞിരുന്നു .


കേരള സാഹിത്യ മണ്ഡലത്തിൽ പ്രഭാഷണം 

സ്കൂളിൽ നിന്നും മടങ്ങി വീട്ടിൽ എത്തുമ്പോൾ വിടർന്ന ചിരിയോടെ എന്നെ സ്വീകരിച്ചിരുന്ന അമ്മയുടെ മുഖം എന്റെ മനസ്സിൽ എനിക്ക് തെളഞ്ഞു കാണാം. മരണാന്തരം പ്രീയപ്പെട്ടവരെ എല്ലാം മറ്റൊരു ലോകത്തു കണ്ടുമുട്ടും എന്നല്ലേ വിശ്വാസം. അമ്മെ! തത്കാലം ഞാൻ വിടപറയുന്നു. വീണ്ടും കാണും വരെ!!

Comments